ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം വ്യാപിക്കുന്നു. ഗ്യാനേഷ് കുമാർ രാജി സമർപ്പിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്ന് സിജെപിയും വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ ബഹുജന പ്രതിഷേധ മാർച്ചിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
ജനാധിപത്യത്തിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്ന സാധാരണ പൗരന്മാരും മാർച്ചിൽ പങ്കെടുക്കാനാണ് കോൺഗ്രസിന്റെ ആഹ്വാനം. കൂടാതെ, ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളും പ്രതിഷേധത്തിന്റെ ഭാഗമാകും. ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് നിവേദനം നൽകുമെന്നും കോൺഗ്രസ് അറിയിച്ചു.
സമാന പ്രതിഷേധം തുടരാനാണ് സിജെപിയും വിദ്യാർഥി സംഘടനകളും തീരുമാനിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജി സമർപ്പിക്കുന്നതുവരെ ജന്തർ മന്തർ ലക്ഷ്യമാക്കി മാർച്ച് നടത്തുമെന്ന് സിജെപിയും വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുംകൂടെ ഗ്യാനേഷിന്റെ രാജിക്കായി തെരുവിലിറങ്ങുമ്പോൾ കേന്ദ്രസർക്കാർ കൂടുതൽ സമ്മർദത്തിലാകും.
തിങ്കളാഴ്ച പ്രവൃത്തി ദിനമായതിനാൽ ശനിയാഴ്ച ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം പൊലിസ് തുടർന്നാൽ ഡൽഹിയിലെ സാധാരണ ജീവിതം താറുമാറാകും. വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് പ്രതിഷേധ സ്ഥലമായ ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞാഴ്ച ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രതിഷേധങ്ങളിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. കൂടാതെ, പ്രതിപക്ഷ എംപിമാരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസത്തിനു സമാനമായി പ്രതിപക്ഷ പ്രതിഷേധത്തിൽ വലിയ ജനപങ്കാളിത്തമുണ്ടായാൽ വ്യാപക പ്രതിഷേധം തടയാൻ ഡൽഹി പൊലിസിനു കൂടുതൽ സന്നാഹങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഇതോടൊപ്പം പ്രതിഷേധം ഡൽഹിയുടെ മറ്റ് തെരുവുകളിലേക്കും വ്യാപിക്കുന്നത് പൊലിസിനും കേന്ദ്രസർക്കാരിനും വലിയ വെല്ലുവിളിയാണ്. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിന്തുണ കൂടെ പ്രഖ്യാപിച്ചതോടെ കൂടുതൽപ്പേർ രംഗത്തിറങ്ങാനാണ് സാധ്യത.